_Published on 2021-03-16_

<!– wp:paragraph –>

ഡോ. ബി ആർ അംബേദ്‌കറിന്റെ സങ്കീർണമായ ജീവിതത്തെ ലളിതവും സംക്ഷിപ്തമായും അവതരിപ്പിച്ചിട്ടുള്ള ജീവചരിത്രമാണ് ഗെയിൽ ഓംവെദിൻ്റെ “അംബേദ്‌കർ: ഒരു പ്രബുദ്ധ ഇന്ത്യക്കായി” എന്ന പുസ്തകം. ദളിത്പക്ഷ ചിന്തകയും, എഴുത്തുകാരിയും, സാമൂഹിക ശാസ്ത്രജ്ഞയുമായ ഗെയിൽ ഒംവെദ്, ഇന്ത്യയിലെ ജാതിവിരുദ്ധ സമരങ്ങൾക്ക് സൈദ്ധാന്തിക ഘടന രൂപപ്പെടുത്തുകയും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അമേരിക്കയിൽ ജനിച്ച ഓംവെദ്, തൻ്റെ പഠനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ വരികയും, പിന്നീട് സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകുന്നു. മഹാരാഷ്ട്രയിലെ ആക്റ്റിവിസ്റ്റ് ഭരത് പടന്‍കറുമായുള്ള വിവാഹത്തിന് ശേഷം ഇന്ത്യൻ പൗരത്വം സ്വീകരിച്ചു. ഇവർ വർഗസമരം, സ്ത്രീ സമത്വ മുന്നേറ്റങ്ങൾ പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ സമകാലികമായി ഇടപെടുകയും എഴുതുകയും ചെയ്യുന്നുണ്ടെങ്കിലും ജാതി വിരുദ്ധ വ്യവഹാരങ്ങളിലാണ് മുഖ്യമായും എൻഗേജ് ചെയ്യുന്നത്. വ്യവസ്ഥാധിപത്യം സ്ഥാപിച്ച പ്രധാനി, ഭരണഘടനാ ശിൽപി തുടങ്ങിയ കാല്‍പനികച്ഛായയെ മറികടന്നുകൊണ്ട് ഒരു കീഴാള ദർശനത്തിലൂടെ അംബേദ്ക്കറുടെ ജീവചരിത്രത്തെ ഓംവെദ് അവതരിപ്പിച്ചിട്ടുണ്ട്.

<!– /wp:paragraph –>

<!– wp:image {“align”:”right”,”id”:2455,”sizeSlug”:”large”,”linkDestination”:”none”} –>

ഗെയിൽ ഓംവെദ്

<!– /wp:image –>

<!– wp:paragraph –>

ഇന്ത്യൻ ദേശീയരാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിലും അയിത്തജാതിക്കാർക്ക് അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിലും, കീഴാളർക്കും അല്ലാത്തവർക്കും ഒരുപോലെ പ്രചോദനമാണ് ഭീമിന്റെ ജീവചരിത്രം. ഹൈന്ദവതയേയും ബ്രാഹ്മണ മേധാവിത്വത്തേയും ശക്തമായി എതിർത്തു പോരടിച്ചിരുന്ന അംബേദ്‌കർ ഇന്നും ബ്രാഹ്മണ ആധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് പകരംവെക്കാനില്ലാത്ത നേതാവാണ്. അംബേദ്ക്കറുടെ സിദ്ധാന്തങ്ങളുടെയും ദർശനത്തിന്റെയും സ്വാധീനം ഹൈന്ദവ ദേശീയതക്ക് എതിരെയുള്ള ആധുനിക സമര പോരാട്ടങ്ങളിലും സംവാദങ്ങളിലും വളരെയധികം ദൃശ്യമാണ്. ഹൈന്ദവ ഭരണം നിലവിൽ വന്നതിനു ശേഷം രാജ്യത്തുള്ള ദളിത്, കീഴാള, വിദ്യാർത്ഥി, സ്ത്രീ മുന്നേറ്റങ്ങളിലെല്ലാം തന്നെ ഉയർന്നുകേട്ടത് അംബേദ്കറുടെ ആശയപരമായ പരികല്പനകളുടെ വ്യാഖ്യാനങ്ങളാണ്. ഈ ആശയങ്ങൾ ബഹുജൻ സമുദായങ്ങൾക്കും മറ്റുള്ളവർക്കും സമത്വവും നീതിയുമുള്ള ഒരു പുതിയ രാഷ്ട്രീയ വ്യവസ്ഥ രൂപപ്പെടുത്തുവാൻ കരുത്തുള്ളതുമാണ്.

<!– /wp:paragraph –>

<!– wp:paragraph –>

ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ദേശീയതക്ക് അംബേദ്കറുടെ സിദ്ധാന്തങ്ങള്‍ മുൻനിർത്തി ഒരു പ്രതിരോധവലയം ഉണ്ടാക്കിയെടുക്കേണ്ട ഏറ്റവും നിർണായക കാലഘട്ടം എന്ന നിലക്ക് അദ്ദേഹത്തിന്റെ ജീവചരിത്രം കൂടുതൽ വായിക്കപ്പെടേണ്ടതുണ്ട്. ദേശരാഷ്ട്രത്തിൻറെ വീക്ഷണഗതിയിൽ നിന്നും മാറ്റിക്കൊണ്ട് ഒരു കീഴാളജീവിത വ്യാഖ്യാനമായാണ് എഴുത്തുകാരി നിരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്. തൽഫലമായി ഈ പുസ്തകത്തിലൂടെ എഴുത്തുകാരിക്ക് അംബേദ്‌കറിന്റെ പോരാട്ടങ്ങളെയും ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അതിന്റെ കാലിക പ്രസക്തിയെയും തുറന്നുവെക്കാൻ കഴിഞ്ഞിട്ടുണ്ട്. ജാതി പഠനമേഖലയിൽ അദർ ബുക്സിൻ്റെ ഏഴാമത്തെതായ ഈ പുസ്തകത്തിൻ്റെ വിവർത്തനം അജയ് പി മങ്ങാട്ടും, ആമുഖമെഴുതിയിരിക്കുന്നത് കേരളത്തിലെ മുതിർന്ന ദലിത് ചിന്തകൻ കെ.കെ കൊച്ചുമാണ്.

<!– /wp:paragraph –>

<!– wp:paragraph –>

ബാല്യവും പഠനവും ആദ്യകാല പോരാട്ടങ്ങളും

<!– /wp:paragraph –>

<!– wp:paragraph –>

അംബേദ്കറുടെ ചെറുപ്പകാലവും, പഠനകാലത്തെ പ്രതിസന്ധികളുമാണ് ആദ്യ അധ്യായത്തിൽ വിവരിക്കുന്നത്. ശക്തനായ ഒരു നേതാവും വാഗ്മിയുമായി അംബേദ്‌കർ വളർന്നു വരുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ കുടുംബവും സമുദായവുമാണ്. അദ്ദേഹത്തിൻ്റെ സമുദായമായ മഹാറുകൾക്കിടയിൽ മഹാത്മാ ഫൂലേ രൂപീകരിച്ച അബ്രാഹ്മിണ പ്രസ്ഥാനം, ‘സത്യശോക സമാജ’ത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. അത് അന്നത്തെ ദേശീയവാദികളിൽ നിന്നും വേർതിരിഞ്ഞ രാഷ്ട്രീയ ആശയരൂപീകരണത്തിന് അംബേദ്ക്കറെ സഹായിച്ചുവെന്ന് ഓംവെദ് വിശകലനം ചെയ്യുന്നു.

<!– /wp:paragraph –>

<!– wp:image {“align”:”left”,”width”:204,”height”:306,”sizeSlug”:”large”} –>

<!– /wp:image –>

<!– wp:paragraph –>

പിതാവായ റാംജിയാണ് അംബേദ്കറെ ചെറുപ്പം മുതൽ പഠന മേഖലയിലേക്കും വായനയിലേക്കും വഴിതെളിച്ചു കൊടുക്കുന്നത്. നല്ല സ്കൂൾ വിദ്യാഭ്യാസവും സ്വന്തം പെൻഷൻ തുക കൊണ്ടും, അത് തികയാത്തപ്പോൾ സഹോദരിയുടെ സ്വർണാഭരണങ്ങൾ വിറ്റുംവരെയാണ് അംബേദ്ക്കറെ പിതാവ് പഠനത്തിലേക്ക് വഴിയൊരുക്കി കൊടുത്തത്. അംബേദ്‌കറിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാരണക്കാരൻ അദേഹത്തിന്റെ പിതാവ് തന്നെയായിരുന്നു എന്ന് എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നു. പിതാവിനെ കൂടാതെ യൌവ്വനത്തിലെ കുടുംബ ബാധ്യതകൾ കൊണ്ട് മൂത്ത സഹോദരൻ പഠനം ഉപേക്ഷിച്ചു ഫാക്ടറിയിൽ ജോലിക്കു കേറുന്നതായി കാണാം. ഒരുപാട് സാമ്പത്തീക പ്രതിസന്ധികളും ബാധ്യതകളും അംബേദ്ക്കറുടെ കുടുംബത്തിനുണ്ടായിരുന്നുവെങ്കിലും, ഇതിന് ഇടയിലും പഠിച്ചു മുന്നേറുന്നതിൽ അംബേദ്‌കർ പിന്നോട്ടു പോയിരുന്നില്ല.

<!– /wp:paragraph –>

<!– wp:paragraph –>

വിവിധ തരത്തിൽ ഉള്ള ജാതി വിവേചനങ്ങൾ സ്ക്കൂൾ- കോളേജ് പഠനകാലം മുതൽ അദ്ദേഹം നേരിടുന്നതായി കാണാം. സുഹൃത്തുക്കൾ പോലും ഇല്ലാതിരുന്ന അംബേദ്‌കർ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി ചെല്ലുന്ന കാലത്താണ് അദ്ദേഹത്തിന് നല്ല സൗഹൃദങ്ങൾ ഉണ്ടാകുന്നതും വിനോദങ്ങളിൽ ഏർപെടുന്നതുമെല്ലാം. അംബേദ്തർ ലോകോത്തരപ്രബന്ധങ്ങൾ രചിക്കുകയും അന്നത്തെ കാലത്തു ഉന്നതജാതിക്കാർ എത്തിയിട്ടില്ലാത്ത (അവസരമുണ്ടായിട്ടും) വിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കുകയും ചെയ്തു.

<!– /wp:paragraph –>

<!– wp:paragraph –>

ബോംബയിലെയും ന്യൂയോർക്കിലെയും ലണ്ടനിലെയും വിദ്യാഭ്യാസം ലോകത്തിലെ തന്നെ സാമൂഹിക സാമ്പത്തിക ചിന്തകളിലേക്കുള്ള പ്രവേശനമായിരുന്നു അദ്ദേഹത്തിന് നേടികൊടുത്തത് എന്ന് എഴുത്തുകാരി സൂചിപ്പിക്കുന്നു. ദാരിദ്ര്യത്തെയും വിവേചനങ്ങളെയും അതിജീവിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പോരാട്ടം നടത്തിയ അംബേദ്കറുടേത് വരേണ്യ കുടുംബങ്ങളിൽ നിന്നും വന്ന ദേശീയ പ്രസ്ഥാനത്തിലെ മറ്റുനേതാക്കളിൽ നിന്നും വിഭിന്നമായിരുന്നു എന്നുള്ളത് പ്രസക്തമായ കാര്യമാണ്. നെഹ്റുവിനും മറ്റുനേതാക്കൾക്കും സർക്കാർ ഉദ്യോഗങ്ങൾ ഉപേക്ഷിക്കാൻ കഴിയുമ്പോൾ, സ്വന്തം വിശ്വാസത്തിന്റെ പേരിൽ മൂന്നാം ക്ലാസ് ട്രെയിനിൽ ഗാന്ധി യാത്ര ചെയ്യുമ്പോൾ, അംബേദ്‌കർ പലതും നിവർത്തിയില്ലാതെയാണ് ചെയ്തത് എന്നു ഈ പുസ്തകം ബോധ്യപ്പെടുത്തി തരുന്നു .

<!– /wp:paragraph –>

<!– wp:paragraph –>

അംബേദ്കറുടെ രാഷ്രീയ ഇടപാടുകളും അയിത്ത വിരുദ്ധ പ്രവർത്തനങ്ങളും

<!– /wp:paragraph –>

<!– wp:paragraph –>

രാഷ്ട്രീയത്തിലും സാമൂഹിക സേവനങ്ങളിലും അംബേദ്‌കർ സജീവമായി തുടങ്ങുന്നത് ലണ്ടനിൽ നിന്നും ഉപരിപഠനം കഴിഞ്ഞു നാട്ടിൽ എത്തുമ്പോഴാണെന്നു കാണാം. സാമൂഹിക പ്രശ്നങ്ങളുടെയും കോളനിവൽകണത്തിന്റെയും ഇന്ത്യൻ സാഹചര്യങ്ങളിലാണ് അംബേദ്കറുടെ രാഷ്ട്രീയ പ്രവേശനം. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനം ദളിതരോടും മറ്റു അധസ്ഥിത ജനവിഭാഗങ്ങളോടും അവരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചു പോന്നത്. അവിടെയാണ് കീഴാള സമുദായത്തിൽ നിന്നും ഏറ്റവും വിദ്യാസമ്പന്നനായ അംബേദ്കറിനെ പോലെ ഉള്ള ഒരു വ്യക്തി രാഷ്ട്രീയത്തിൽ വരുന്നതിന്റെ പ്രസക്തി.

<!– /wp:paragraph –>

<!– wp:paragraph –>

സ്വസമുദായ അംഗങ്ങളുമായി ചേർന്ന് ഉണ്ടാക്കിയ ആദ്യ സംഘടന സംവിധാനങ്ങളിൽ നിന്നുകൊണ്ട് അംബേദ്‌കർ ഊന്നൽ നൽകി പ്രവർത്തിച്ചത് അയിത്ത ജാതിക്കാരുടെ വിദ്യാഭ്യാസ സൌകര്യങ്ങൾക്കും, സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും അധസ്ഥിതരുടെ അവകാശങ്ങൾക്ക് വേണ്ടയെല്ലാമായിരുന്നു. ആദ്യകാലങ്ങളിൽ തന്നെ മികച്ച പ്രാസംഗികനും ജനകീയ സംഘാടകനും ആയി മാറിയ അദ്ദേഹം ദളിതുകളുടെ അവകാശങ്ങൾ അവതരിപ്പിക്കുന്നതിൽ ഏറ്റവും മൂർച്ചയേറിയ സ്വരം ആയിമാറി.

<!– /wp:paragraph –>

<!– wp:paragraph –>

ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത് പോലെ, ദളിതുകൾക്ക് പൊതുസ്ഥലങ്ങൾ തുറന്നുകൊടുക്കുവാൻ വേണ്ടി നടത്തിയ പോരാട്ടങ്ങളിലെ നേതൃത്വവും, മഹാട് കേന്ദ്രീകരിച്ചുകൊണ്ട് വെള്ളത്തിനുവേണ്ടി നടത്തിയ അവകാശസമരവും, മനുസ്മൃതി അന്നേ കത്തിക്കുവാൻ കാണിച്ച ധീരതയും, ആൺകുട്ടികളോടൊപ്പം പെൺകുട്ടികളെയും പഠിപ്പിക്കുവാൻ സ്ത്രീകളോട് നടത്തിയ ആഹ്വാനവും അംബേദ്ക്കറുടെ ജാതിക്കെതിരെയുള്ള പോരാട്ടത്തിലെ പ്രധാനപ്പെട്ട ഏടുകളായി രേഖപെടുത്തുന്നതോടൊപ്പം ഇന്നും പകരംവെക്കാൻ ഇല്ലാത്തത്രയും ശക്തനായ നേതാവായിരുന്നു അംബേദ്‌കർ എന്ന് മനസിലാക്കിത്തരുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

ബ്രിട്ടീഷുകാരെ ശത്രുക്കളായി കാണുന്നതോടൊപ്പം സവർണ ഹിന്ദുക്കളെയും വിട്ടുവീഴ്ചയില്ലാത്ത ശത്രുക്കളായി അദ്ദേഹം നിലനിർത്തി. സ്വാതന്ത്ര്യ സമരകാലത്തെ നേതാവായിരുന്നെങ്കിലും അക്കാലത്തെ മറ്റു പ്രഗൽഭരായ നേതാക്കളിൽ നിന്നും അംബേദ്‌കർ വ്യത്യസ്തനാകുന്നത് അടിച്ചമർത്തപ്പെട്ട ജനതക്കുവേണ്ടി നിലകൊണ്ടതുകൊണ്ടാണ്. നിയമമന്ത്രി ആയിരുന്ന സമയത്തു ഹിന്ദു കോഡ് ബിൽ പാസ്സാക്കാതിരുന്ന പാർലമെന്റിൽ നിന്നും പ്രതിഷേധിച്ചുകൊണ്ടു രാജിവെക്കുന്ന അംബേദ്‌കർ ഹിന്ദുയിസത്തോടു കലർപ്പില്ലാത്ത കലഹത്തിൽ ആയിരുന്നതായി കാണാം. സ്വാതന്ത്ര്യം, സമത്വം , സാഹോദര്യം എന്ന ഫ്രഞ്ച് വിപ്ലവത്തിലെ മുഖ്യവാക്യങ്ങളുടെ മൂല്യങ്ങളെ ഉൾകൊള്ളുന്ന ജനാധിപത്യപരമായ സാമൂഹിക വ്യവസ്ഥയെയാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇതിന്റെ സൈദ്ധാന്തിക പ്രതിഫലനമാണ് അദ്ദേഹം രൂപകൽപന ചെയ്‌ത ഇന്ത്യയുടെ ഭരണഘടന. ഇന്ത്യയുടെ സാമ്പത്തീക നയങ്ങളെ ക്കുറിച്ചും ജാതിപരമായ വ്യവഹാരങ്ങളെ കുറിച്ചും അദ്ദേഹം നിരന്തരം എഴുതിക്കൊണ്ടിരുന്നു.

<!– /wp:paragraph –>

<!– wp:image {“align”:”center”,”width”:490,”height”:294,”sizeSlug”:”large”} –>

<!– /wp:image –>

<!– wp:paragraph –>

ഗാന്ധിയും അംബേദ്കറും തമ്മിൽ ഉള്ള ഭിന്നതകളും പ്രഗൽഭരായ ഈ രണ്ടു നേതാക്കൾ തമ്മിൽ ഉണ്ടായിട്ടുള്ള ഏറ്റുമുട്ടലുകളും പ്രാധാന്യത്തോടുകൂടി പരാമർശിക്കപ്പെട്ടിട്ടുള്ളത് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. ‘പാവങ്ങളുടെ പരിഷ്കർത്താവെ’ന്ന ഗാന്ധിയുടെ പ്രതിച്ഛായ യഥാർത്ഥത്തിൽ ഒരു യാഥാസ്ഥികത്വം മാത്രമായിരുന്നു എന്നും ദളിതുകളുടെ വിമോചന സ്വപ്നങ്ങളെ സാക്ഷാൽക്കരിക്കാൻ പര്യാപ്തമായിരുന്നില്ലയെന്നും ഇതിൽ നിന്നും വ്യക്തമാകുന്നു. പൂനാ പാക്‌ട് പോലുള്ള ദളിതരുടെ രാഷ്ട്രീയധികാരം ലഭിക്കുവാനുള്ള മാർഗങ്ങൾ എതിർക്കപ്പെട്ടതും അതിലെ ഗാന്ധിയുടെ ഹിന്ദുത്വ താല്പര്യങ്ങളും അംബേദ്‌കർ അത് മുന്നോട്ടുകൊണ്ടുപോകുവാൻ നടത്തിയ പ്രയത്നങ്ങളും എന്നും പ്രസക്തിയോടെ നിരീക്ഷിക്കേണ്ടവയാണ്. പ്രായപൂർത്തി വോട്ടവകാശവും, പ്രത്യേക സംവരണ മണ്ഡലങ്ങളും അംബേദ്കറുടെ പോലെ ചിലരുടെ മാത്രം നിലപാടായി ചുരുക്കപ്പെട്ടു. ജാതിക്കു പുറമെ കാല്പനികമായ ഗാന്ധിയുടെ ഗ്രാമീണ കാഴ്ചപ്പാടുകളെയും വ്യവസായ വിരുദ്ധതയെയും അംബേദ്‌കർ എതിർത്തിരുന്നു. ഇതിനൊക്കെ പുറമെ ഗാന്ധിയും അംബേദ്കറും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമാകുന്നത് ദളിതുകളുടെ മതപരമായ സ്വത്വത്തെ സംബന്ധിച്ച വ്യവഹാരങ്ങൾ ശക്തമാകുന്നതോടുകൂടിയാണ്.

<!– /wp:paragraph –>

<!– wp:paragraph –>

ദളിതുകളുടെ മതപരിവർത്തനമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ

<!– /wp:paragraph –>

<!– wp:paragraph –>

”ഞാനൊരു ഹിന്ദുവായി ജനിച്ചു. അതിനാൽ അയിത്തത്തിന്റെ വേദനാജനകമായ അനന്തരഫലങ്ങൾ ഞാനനുഭവിച്ചു. ഞാനൊരു ഹിന്ദുവായി മരിക്കില്ല, തീർച്ച” മതപരിവർത്തനത്തിനായുള്ള സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുമ്പോൾ അംബേദ്‌കർ പറഞ്ഞ ഈ വാക്കുകൾ ദളിതുകളുടെ ആത്മാഭിമാനവും അവകാശസുരക്ഷിതത്വവും കൊതിക്കുന്നവർക്ക് എന്നും ആദർശപരമായ പ്രതീക്ഷ നൽകുന്നതാണ്. ഗാന്ധിജിയെ പോലുള്ള ദേശീയനേതാക്കൾക്കൊന്നും തീരെ സ്വീകാര്യമായിരുന്നില്ല അംബേദ്കറുടെ മതപരിവർത്തന നിലപാടുകൾ എങ്കിലും വളരെ മുൻപേ ഇതേക്കുറിച്ചു സംവാദം തുടങ്ങിയിരുന്ന ദലിതുകൾ ആവേശത്തോടെയാണ് ഇതു സ്വീകരിച്ചതെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. സിഖ്, ഇസ്‌ലാം, ക്രൈസ്തവ മതങ്ങളിൽ നിന്നും വിഭിന്നമായ ജ്ഞാന മണ്ഡലം അദ്ദേഹം ബുദ്ധമതത്തിൽ കണ്ടെത്തിയാതായി വിശകലനം ചെയുന്നു. മതപരിവർത്തന ആഹ്വാനത്തിനു ശേഷം വ്യക്തിപരമായ തിടുക്കം കാട്ടാതെ സാമുദായികാടിസ്ഥാനത്തിൽ വിശകലനം ചെയ്തുകൊണ്ട് തീരുമാനം എടുക്കുവാനുള്ള സമയം അദ്ദേഹം ദളിതുകൾക്കു നൽകിയിരുന്നതായി ഈ പുസ്തകത്തിൽ കാണാം. ബോംബെയിലെ കാമാത്തിപുരയിൽ വെച്ച് ദളിത് ലൈംഗിക തൊഴിലാളികൾ നടത്തിയ മതപരിവർത്തനത്തിന് വേണ്ടിയുള്ള സമ്മേളനത്തിൽ അംബേദ്‌കർ നടത്തിയ പരാമർശം ലൈംഗിക വേലയെക്കുറിച്ചുള്ള സംവാദത്തിലേക്കുള്ള വഴി തുറന്നു വെച്ചതായി ഓംവെദ് നിരീക്ഷിക്കുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

തുടർന്ന്, ഹിന്ദുയിസത്തെ നിഷേധിക്കുന്നതിൽ അംബേദ്കറിന് ലഭിച്ച ജനപിന്തുണ വിപ്ലവ രാഷ്ട്രീയ പാതയിലേക്കു അദ്ദേഹത്തിന് കരുത്തു നൽകിയതായി കാണിച്ചുതരുന്നു. പിന്നീടുള്ള കാലങ്ങളിൽ വർഗസമരങ്ങളെ ശക്തിപ്പെടുത്തിയതും മുതലാളിത്ത കുത്തകകൾക്കെതിരെ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി (ഐ .എൽ. പി ) രൂപീകരിച്ചതും ഒരു ജനാധിപത്യ സാമൂഹിക കർമ്മ പദ്ധതിയായിട്ടാണെന് വിശകലനം ചെയ്യുന്നുണ്ട്.

<!– /wp:paragraph –>

<!– wp:image {“align”:”center”,”width”:477,”height”:338,”sizeSlug”:”large”} –>

<!– /wp:image –>

<!– wp:paragraph –>

സോഷ്യലിസവുമായി ബന്ധപ്പെട്ട പരിസ്ഥിതികൾ മാറി രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലഘട്ടത്തിലേക്ക് സാഹചര്യങ്ങൾ എത്തുമ്പോൾ മതാടിസ്ഥാനത്തിലും സാമൂഹികാടിസ്ഥാനത്തിലുമുള്ള ദേശീയത ഉടലെടുക്കുന്നു. ഈ കാലഘട്ടത്തിൽ രൂക്ഷമായ ഹിന്ദു മുസ്ലിം ഭിന്നിപ്പുകൾ നിലനിൽക്കുന്ന സമയത്തും കോൺഗ്രസിനും കമ്മ്യൂണിസ്റുകാർക്കും വിരുദ്ധമായി മുസ്ലിം ലീഗിനോട് ഐക്യപ്പെട്ടു കൊണ്ട് ബ്രിട്ടന് പിന്തുണ നൽകുന്ന നിലപാട് സ്വീകരിച്ചതായി ഓംവെദ് രേഖപെടുത്തുന്നു. ഫാസിസത്തോടും കോൺഗ്രസിനോടുമുള്ള എതിർപ്പിന്റെ രേഖപ്പെടുത്തൽ ആയും ഇതിനെ നിരീക്ഷിക്കുന്നുണ്ട് എഴുത്തുകാരി.

<!– /wp:paragraph –>

<!– wp:paragraph –>

ഇന്ത്യ പാക് വിഭജനവുമായി ബന്ധപെട്ട് മുസ്ലിംകൾക്കിടയിലെ വ്യാപകമായ രാഷ്ട്രീയ അരക്ഷിതാവസ്ഥ പഠനവിധേയമാക്കിക്കൊണ്ടാണ് വിഭജനത്തിന് അനുകൂലമായ നിലപാട് അദ്ദേഹം സീകരിച്ചിരുന്നത് എന്നും ഈ പുസ്തകത്തിൽ കാണാൻ കഴിയുന്നു. മറ്റാരും അതുവരെ ചർച്ച ചെയ്യാത്ത, സൈന്യത്തിലെ സാമുദായീക പ്രാതിനിധ്യവും അദ്ദേഹത്തിന്റെ വിഭജന അനുകൂല നിലപാടിലെ അവിഭാജ്യ ഘടകമായിരുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

രാഷ്ട്രങ്ങൾക്ക് പൊതുവായ ഒരു മത സമുദായിക സ്വത്വം വേണമെന്നതിന് അദ്ദേഹം എതിരായിരുന്നു എന്നു ഈ പുസ്തകത്തിൽ ഓംവെദ് വിശദമാക്കുന്നുണ്ട്. ബ്രാഹ്മണാധീശത്വത്തിന്റെ അവകാശവാദങ്ങളെ തിരസ്‌കരിക്കുന്നതാണ് അബ്രാഹ്മണരും ദളിതരും മതന്യൂനപക്ഷങ്ങളും ഉൾകൊള്ളുന്ന ഇന്ത്യയിലെ ഭൂരിപക്ഷ ജനങ്ങളുടെ ഐക്യത്തിന്റെ അടിത്തറ എന്നുള്ള പ്രധാനപ്പെട്ട കാര്യമാണ് അംബേദ്ക്കറുടെ ജീവചരിത്രത്തിൻറെ കീഴാളവായന ഗെയിൽ ഓംവെദിലൂടെ ഹിന്ദുത്വ കാലഘട്ടത്തിൽ വായിക്കുമ്പോൾ ചേർത്തുപിടിക്കാൻ തോന്നുന്നത്. തന്റെ ജീവിതകാലം മുഴുവനും അംബേദ്‌കർ ശ്രമിച്ചതുപോലെ ബ്രാഹ്മണിക്കൽ അധീശത്വത്തെ (Brahmanical Hegemony ) നിരുപാധികം വെല്ലുവിളിക്കാൻ കഴിയുന്ന വ്യക്തികളും കൂട്ടായ്‌മകളും ചേർന്നുകൊണ്ടുള്ള ഇടപാടുകൾക്ക് പ്രസക്തി ഇന്ന് ഏറെയാണ്. അത്തരം വ്യക്തികളും സമുദായ കൂട്ടായ്മകൾക്കിടയിലും തീർച്ചയായും പരിചയപ്പെടുത്തേണ്ട പുസ്തകമാണ് ഗെയിൽ ഓംവെദ് രചിച്ച അബേദ്ക്കറുടെ ഈ ജീവചരിത്രം.

<!– /wp:paragraph –>

Leave a Reply