_Published on 2022-05-29_

<!– wp:paragraph –>

ഇന്ത്യയിലെ രാഷ്ട്രീയ അടിച്ചമർത്തലുകളുടെ ചരിത്രം പറയപ്പെടുമ്പോൾ, ഈ കെട്ടകാലത്ത് അന്യായമായി പ്രതിചേർക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തവരുടെ ലിസ്റ്റിൽ ജി.എൻ സായിബാബയുടെ പേര് മുന്നിൽ തന്നെയുണ്ടാകും. കുട്ടിയായിരിക്കുമ്പോൾ പൊളിയോ ബാധിച്ച് 90 ശതമാനവും ഡിസബിലിറ്റിക്കാരനായി വീൽചെയറിൽ കഴിയുന്ന, ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹം രാജ്യത്തിനു തന്നെ ഭീഷണിയായ തീവ്രവാദിയായി ചിത്രീകരിക്കപ്പെട്ടു. ഇപ്പോഴും കെട്ടിച്ചമച്ച കേസിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് അദ്ദേഹം.

<!– /wp:paragraph –>

<!– wp:paragraph –>

ജയിൽ കവിതകൾ (prison poetry) സ്വയം തന്നെ ഒരു സാഹിത്യരൂപമാണ് (genre). നാഗ്പൂർ ജയിലിൽ ജി.എൻ സായിബാബ ഏകാന്ത തടവിൽ കഴിയുന്ന അണ്ടാ സെല്ലിൽ (മുട്ടയുടെ രൂപത്തിലുള്ള സെൽ) നിന്ന് എഴുതിയ വരികൾ വായിക്കുമ്പോൾ, ഒരു ഇരയുടെ സാക്ഷ്യംപറച്ചിൽ പോലെ, ഒരു സ്വപ്നവിഹാരിയുടെ-അതിജീവിതന്റെ ഡയറികുറിപ്പുകൾ പോലെ, ഒരു വിമതൻ തന്റെ കലഹങ്ങളെ കാൽപനികമായി വർണിക്കുന്നതു പോലെ, ലളിതമായ കൽപ്പനകളിലൂടെ ഒരു അക്കാഡമീഷ്യൻ സ്വേച്ഛാധിപത്യത്തെ വിശദീകരിക്കുന്നത് പോലെ എല്ലാമാണ് നമുക്കനുഭവപ്പെടുക. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്നേഹം പോലും ഒരു രാഷ്ട്രീയ പദ്ധതിയാണ്:

<!– /wp:paragraph –>

<!– wp:paragraph –>

സ്നേഹം കണ്ടെത്താനാകും
ക്ഷേത്രങ്ങളിലും വേദപുസ്തകങ്ങളിലുമല്ല
യോഗയിലൂടെയും ധ്യാനത്തിലൂടെയുമല്ല-
സ്നേഹം എത്തിപ്പിടിക്കാനാവുക
അല്ലയോ വിഷാദികളെ,
ഒരു നിമിഷം എന്നെ കേൾക്കൂ
സ്നേഹം രൂപമെടുക്കുന്നത്
അതിനെ തിരഞ്ഞുള്ള നിങ്ങളുടെ പോരാട്ടങ്ങളിലാണ്

<!– /wp:paragraph –>

<!– wp:image {“align”:”center”,”sizeSlug”:”large”} –>

<!– /wp:image –>

<!– wp:paragraph –>

ഇന്നും ഇന്ത്യയെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കൊളോണിയൽ ബാധയുടെ അസ്വസ്ഥതകളെ സായിബാബയുടെ കവിതകൾ വെളിച്ചത്തു കൊണ്ടുവരുന്നു. ഇന്ത്യയുടെ ക്രിമിനൽ നിയമ സംവിധാനം ഇപ്പോഴും ഒരു കൊളോണിയൽ പദ്ധതിയായാണ് നിലകൊള്ളുന്നത്. അതൊരു ജനാധിപത്യ രാഷ്ട്രത്തിനു ചേർന്നതല്ല. വിമതരെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തപ്പെട്ട ആളുകളെ പീഡിപ്പിക്കുന്നതിനു വേണ്ടി 160 വർഷം മുൻപ് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിയമങ്ങളിൽ ചില്ലറ ഭേദഗതികൾ വരുത്തിയ ഒരു രൂപം മാത്രമാണത്. സ്റ്റേറ്റിനെതിരെ സംസാരിക്കുക എന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്, നിങ്ങളുടെ ജീവനുമായി സ്റ്റേറ്റ് കടന്നുകളയും! സായിബാബ എഴുതുന്നു:

<!– /wp:paragraph –>

<!– wp:paragraph –>

കഴുമരങ്ങൾ-
എല്ലായിടത്തും തൂങ്ങിയാടുന്നു
കവിഞ്ഞു വളർന്ന കോളനി വൃക്ഷത്തിന്റെ
ശിഖരങ്ങളിൽ നിന്ന്

<!– /wp:paragraph –>

<!– wp:paragraph –>

അദ്ദേഹത്തിന്റെ സമകാലികനും ഇന്ത്യയിലെ പ്രമുഖനായ മറ്റൊരു രാഷ്ട്രീയ തടവുകാരനുമായ തെലുങ്ക് വിപ്ലവ കവി വരവര റാവുവിന്റെ എഴുത്തുകളിൽ ജയിൽ പാറാവുകാരെ കുറിച്ചുള്ള കവിതകൾ കാണാം. സഹാനുഭൂതിയിൽ നിന്ന് വളരെ ദൂരം മാറിനിൽക്കാനും ആളുകളെ ശിക്ഷിക്കാനും വേണ്ടി മാത്രം നിർമിക്കപ്പെട്ട വ്യവസ്ഥയാണിതെന്ന മുന്നറിയിപ്പ് നൽകുന്ന, ജയിലിനകത്തെ മനുഷ്യത്വത്തെ തിരിച്ചറിയാനുള്ള ശ്രദ്ധേയമായ ശ്രമമാണിത്. ‘ഓഡ് ടു പ്രിസൺ ഗാർഡ്’ എന്ന കവിതയിൽ സായിബാബ എഴുതുന്നു:

<!– /wp:paragraph –>

<!– wp:paragraph –>

അയാളുടെ അക്ഷീണമായ പ്രയത്നങ്ങൾക്ക് പകരമായി
എന്നോട് കൈപ്പടിയൊന്നും ആവശ്യപ്പെട്ടിരുന്നില്ല
മറ്റൊരു പ്രതിഫലങ്ങളും…
ഞാൻ രോഗിയായി
ബോധമില്ലാതെ കിടന്നപ്പോൾ
ഒരിക്കലും എത്തിയിട്ടില്ലാത്ത ഡോക്ടറെ
തന്റെ വയർലെസ് സെറ്റിലൂടെ
അയാൾ നിരന്തരം വിളിച്ചിരുന്നു.
അയാളുടെ ക്ഷമയും
സ്നേഹാതുരമായ ചെവികളും എനിക്കു നീട്ടിക്കൊണ്ട്
സ്വന്തം കഥനങ്ങളെ അയാൾ
മറച്ചു വെച്ചിരുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

പിന്നീട് ഒരു ജയിൽ പാറാവുകാരന്റെ നിത്യമായ ബന്ധിതാവസ്ഥയെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു: “ശപിക്കപ്പെട്ട ജീവിതങ്ങൾ ഇവിടെ വരികയും പോവുകയും ചെയ്യുന്നു, എന്നാൽ അയാൾ ഇവിടുത്തെ സ്ഥിരം തടവുകാരനാണ്”. നിയമം നടപ്പാക്കുന്നവർക്ക് പോലും ജയിൽ എങ്ങനെയാണ് ഭാരമാവുന്നതെന്ന് അദ്ദേഹം വരച്ചുകാട്ടുന്നു. തന്റെ ബാല്യകാല സഖിയും സഹധർമിണിയുമായ വസന്തക്ക് അദ്ദേഹമെഴുതിയ പ്രണയ കവിതകൾ സ്നേഹത്തിന്റെയും നല്ല നാളെകളുടെയും പ്രതീക്ഷകളാൽ ആലേഖിതമാണ്. ഈ രാത്രിയിൽ എന്റെ ഹൃദയം വിങ്ങുന്നു, എനിക്കിനിയും സഹിക്കവയ്യ, എന്തുകൊണ്ടാണ് നമുക്കൊന്നിച്ച് സ്വപ്നം കാണാനാവാത്തത്? ഒരുമിച്ച് സ്വപ്നം കാണാൻ പോലും കഴിയാത്ത വണ്ണം അദ്ദേഹത്തിന്റെ തടവു ജീവിതം അവരെ ആക്കിത്തീർതിരിക്കുന്നു. അദ്ദേഹത്തിന്റെ കവിതകൾക്ക് വസന്ത നൽകുന്ന ആമുഖത്തിൽ, തന്റെ മാതൃഭാഷയിൽ എഴുതാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ പോലും എങ്ങനെയാണ് അവർ തടഞ്ഞതെന്ന് വ്യക്തമാക്കുന്നുണ്ട്. മറ്റൊരു ശിക്ഷയെ പോലുമല്ല ഇത്- തടവുകാരൻ മാത്രമല്ല, അയാളുടെ ഭാര്യ പോലും ഇതിനു പിഴയൊടുക്കേണ്ടി വരുന്നു. ഇത് ചിന്തകളെ പോലീസ് ചെയ്യലും ആശയങ്ങളെ നിശബ്ദമാക്കലുമാണ്, ഒരുവന്റെ നാവു മുറിച്ചു കളയുന്നത് പോലെ തന്നെയാണിത്. തന്റെ രണ്ടാം ഭാഷയിലാണ് അവർക്ക് കത്തുകൾ ലഭിക്കുന്നത്. അവർക്കിടയിൽ അധികൃതർ അടിച്ചേൽപ്പിക്കുന്ന ദൂരം തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. നേർക്കുനേരെ കാണുമ്പോൾ പോലും അവർക്ക് കുറച്ചെങ്കിലും സമാധാനം കൊടുത്തിട്ടില്ല. ഈ ക്രൂരതയെ അദ്ദേഹത്തിന്റെ കവിതയിൽ (how beautiful to wait for your visit) ഇങ്ങനെ വിവരിക്കുന്നു:

<!– /wp:paragraph –>

<!– wp:paragraph –>

എന്റെ തടവറ എല്ലാ ബന്ധങ്ങളെയും വിലക്കുന്നു
സ്നേഹത്തെ മുറിച്ചു കളയുന്നു
ഹൃദയത്തിന്റെ ഭാഷയെ നിഷേധിക്കുന്നു
എന്റെ പിന്നിലുള്ള സ്ത്രീ എന്നെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു-
”ഹിന്ദി മാത്രം സംസാരിക്കൂ”
ഈ ഫൈബർ ഗ്ലാസിനപ്പുറം നീ നിൽക്കുമ്പോൾ
നമ്മുടെ സ്നേഹത്തിന്റെയും കലർപ്പിന്റെയും ഭാഷയെ ഞാൻ മറന്നുവെങ്കിലും
വാക്കുകൾ എന്നെ തോൽപ്പിച്ചു കളയുന്നു!

<!– /wp:paragraph –>

<!– wp:paragraph –>

ഈ ചെറിയ ആമുഖം പ്രസാധകർക്ക് കൈമാറുന്നതിനു മുൻപ് വസന്ത ആന്റിയുമായി ഞാൻ സംസാരിച്ചിരുന്നു. ഈ കവിതകളൊന്നും കവിതകളായല്ല എഴുതിയതെന്ന് സധൈര്യം സൂചിപ്പിക്കാൻ അവരെന്നോട് പറഞ്ഞു. ജയിൽ അധികൃതരുടെ സെൻസർഷിപ്പ് മാരകമായിരുന്നു. അതുകൊണ്ട് ഈ താളുകളിൽ നിന്ന് നിങ്ങളെ അഭിമുഖീകരിക്കുന്ന മുഴുവൻ കവിതകളും പല വ്യക്തികൾക്കായി എഴുതപ്പെട്ട കത്തുകളുടെ രൂപത്തിൽ ഉള്ളവയായിരുന്നു. ചെറുത്തുനിൽപ്പിന്റെ തീയാണ് ഈ വാക്കുകൾ അന്തർവഹിക്കുന്നത്. ഇന്ത്യൻ ജയിലുകളിലെ വമ്പിച്ച സെൻസർഷിപ്പുകളെ ചാടിക്കടന്നുവന്ന വാക്കുകൾ, ജയിൽ പീഡനങ്ങളെ വെളിച്ചത്തു നിർത്തുന്ന വാക്കുകൾ!

<!– /wp:paragraph –>

<!– wp:paragraph –>

വരവര റാവുവിനു വേണ്ടി എഴുതിയ ഒരു കവിതയിൽ, അനീതിക്കെതിരെ അടിച്ചേൽപ്പിക്കപ്പെടുകയും ആളുകൾ സ്വയം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന മൗനത്തെ അദ്ദേഹം പരിതപിക്കുന്നുണ്ട്. ‘യഥാർഥ ജയിൽ’ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്. എങ്കിലും, ദിനേനയെന്നോണം ശോഷിച്ചു വരുന്ന തന്റെ ആരോഗ്യാവസ്ഥകളെയും ഏകാന്ത തടവിന്റെ ഭീകരതകളെയും മറച്ചു പിടിക്കുന്ന ശുഭാപ്തി വിശ്വാസം അദ്ദേഹത്തിന്റെ കവിതകളിൽ തെളിയുന്നുണ്ട്. ഇത് പടർന്നു പിടിക്കുന്ന ഒരു തരം ശുഭപ്രതീക്ഷയാണ്. അദ്ദേഹം പുറത്തിറങ്ങാനും അദ്ദേഹത്തിന്റെ ഈ കൃതിയെ ആഘോഷിക്കാനും നമ്മൾ കാത്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യക്കു വേണ്ടി എഴുതിയ ശക്തമായ വരികളെ ഉദ്ധരിച്ചുകൊണ്ട് ഈ എഴുത്ത് അവസാനിപ്പിക്കാം. “നിന്റെ സ്വപ്നങ്ങളുടെ ജനവാതിൽ അടച്ചുകളയരുത്, ഒരു കൊടുങ്കാറ്റു പോലെ ഞാൻ നിന്നെ കാണാൻ വരുന്നുണ്ട്”.

<!– /wp:paragraph –>

<!– wp:paragraph –>

(ജി എന്‍ സായിബാബയുടെ ജയില്‍ കവിതകളും കത്തുകളും അടങ്ങിയ ‘വൈ ഡു യൂ ഫിയര്‍ മൈ വേ സോ മച്?’ എന്ന പുസ്തകത്തിന്റെ ആമുഖം)

<!– /wp:paragraph –>

Leave a Reply